22 July 2016

മൃത്യുസംവാദം


മഴ തോർന്നപ്പോൾ തൊട്ടുള്ള ചൂട് തൻ്റെ ദേഹത്തെ പൊതിയുന്നത് ജോജി അറിയുന്നുണ്ടായിരുന്നു. പക്ഷെ ഫാൻ കറക്കാൻ പറ്റില്ല. തൻ്റെ ഉദ്യമം നടക്കില്ല. തൂങ്ങിയാടുന്ന കയറിനെ അവൻ വീണ്ടും നോക്കി. ഒന്നുമറിയാത്ത ആ പാവം ആടിക്കളിക്കുകയാണ്.

മനസ്സിൽ ഭയമോ, സങ്കടമോ ഇല്ല. പക്ഷെ ഏകാന്തത അവനെ വീണ്ടും അലട്ടി. "തീരട്ടെ. ഈ ഏകാന്തതയും, നഷ്ടസ്വപ്നങ്ങളും....എല്ലാം തീരട്ടെ."

അവൻ സ്റ്റൂളിൽ കയറിനിന്നു. പതിയെ ആ കയർ അവൻ അവൻ്റെ കഴുത്തിൽ കെട്ടി. "പെണ്ണിൻ്റെ കഴുത്തിലെ കുരുക്കാണ് അവളുടെ താലി." പണ്ടവൾ പറഞ്ഞത് അവൻ ഓർത്തു. ഒരു കയറിൽ തന്നെയാണ് അവളോടുവിൽ സമാധാനം കണ്ടെത്തിയത്. ഇപ്പോൾ പിന്നാലെ താനും.

അവൻ സാവധാനം കയർ മുറുകി. ചാടാൻ പേടി. പക്ഷെ ചാടണം. അപ്പോൾ തീരുമെല്ലാം. അവൻ തൻ്റെ കാലുകൾ ഉയർത്താൻ തുടങ്ങി. അപ്പോളാണ് അവൻ അതു ശ്രദ്ധിച്ചത്. തൻ്റെ പുറകിലാരോ നിൽക്കുന്നു.

അവൻ തിരിഞ്ഞു നോക്കി. വെള്ളം വസ്ത്രം ധരിച്ച ഒരു പടുവൃദ്ധൻ അവനെ നോക്കി നിൽക്കുന്നു. അയാളുടെ മുഖത്ത് ഭാവങ്ങളോ വികാരങ്ങളോ ഒന്നും ഇല്ലായിരുന്നു.

"നിങ്ങളാരാ?" ജോജി ചോദിച്ചു.
"നിൻറെ യാത്രയിൽ കൂട്ടു വരാൻ വന്നതാണ്.", അയാളുടെ മറുപടി.

ജോജി അയാളെ അടിമുടിയൊന്ന് നോക്കി. വാതിൽ അകത്തുനിന്ന് പുട്ടിയിരിക്കാണ്. മനസ്സിൽ സന്ദേഹമുയർന്നു. "കാലൻ....കാലനാണോ?"
"അങ്ങനെയും എന്നെ വിളിക്കുന്നവരുണ്ട്. മരണമെന്നും അന്ത്യമെന്നും...പലതും. മൃത്യുവെന്ന് വിളിക്കപെടാനാണ് എനിക്ക് ഇഷ്ട്ടം."
"എന്നെ കൊണ്ടുപോകാൻ വന്നതാണോ?"

അയാൾ അതെയെന്ന് മൂളി. ജോജിയൊന്ന് ആലോചിച്ചു. "നല്ലത്. ഒറ്റക്കു തീരേണ്ടല്ലോ!"
"തീരാം. തീരാതിരിക്കാം. തീർന്നാൽ നിന്നെ ഞാൻ കൊണ്ടുപോകും. ഇല്ലേൽ ആളുകൾ വന്നു നിന്നെ ആശുപത്രിയിൽ കൊണ്ടുപോകും. അവിടെയും ഞാൻ കാത്തുനിൽക്കും. നിൻറെ അവസാനം വരെ."
"അപ്പോ ഞാൻ എപ്പോൾ മരിക്കും എന്ന് നിനക്കറിയില്ലേ?"
"എനിക്കറിയാവുന്ന സത്യങ്ങളാണ്. ഭാവിയല്ല."

ജോജി തൻ്റെ കഴുത്തിലെ കയറഴിച്ച് താഴെ ഇറങ്ങി. മൃത്യു അവനെ നോക്കി.

"തീർക്കുന്നില്ലേ?"
"അറിയില്ല. എന്തോ, ഒരു ഭയം പോലെ."
"ജീവിച്ച നാളുകൾ കൈവെടിയുമ്പോൾ ഉള്ള ഭയമാണ്. എല്ലാവർക്കും, വിജയിച്ച വ്യക്തികൾക്കും അവസാന നിമിഷത്തിൽ ആ ഭയമുണ്ടാകും."
"മരണത്തെ വേൽക്കുന്നവരുമുണ്ട്."
"അവരുടെയും മരണഭയം ഞാൻ കണ്ടിട്ടുണ്ട്."
"എന്തിനവർ ഭയന്നു?"
"അറിയില്ല. എല്ലാവർക്കും അവരുടേതായ കാരണങ്ങളുണ്ട്. ഭയക്കുന്നതാണ് നല്ലതു. ജീവനുള്ളതേ ഭയക്കുകയുള്ളൂ."

ജോജി ഒന്നും മിണ്ടിയില്ല. മൃത്യു അവനെ തന്നെ നോക്കിനിൽക്കുകയാണ്. അതവനെ അസ്വസ്ഥനാക്കി.

"നീയെന്തിന് മരിക്കാൻ തീരുമാനിച്ചു?"
"ഞാൻ എന്തിന് ജീവിക്കണം?"
"അറിയില്ല. നീ ജീവിച്ചാലും മരിച്ചാലും എനിക്ക് ഒന്നുമില്ല. ആ വൃത്യാസം നിനക്ക് മാത്രമേ ഉണ്ടാവൂ."
"ജീവിതത്തിൽ ഒരർത്ഥവും ഞാൻ കാണുന്നില്ല."
"മരണത്തിലും ഒരർത്ഥവും ഇല്ല. ജീവിക്കുന്നു. മരിക്കുന്നു. അതിനിടയിൽ എന്തൊക്കെയോ ചെയുന്നു. അത്ര തന്നെ."
"അപ്പൊ ഈ ജീവിതം വെറുതെയാണോ?"
"നിനക്കെന്ത് തോന്നുന്നു? നിൻറെ ജീവൻറെ വില ഒരു മുഴം കയറിൽ ഒതുക്കാൻ തീരുമാനിച്ചവനല്ലേ നീ?"

ജോജിയുടെ മനസ്സൊന്ന് പിടഞ്ഞു. "ശരിയാണ്. ഒരു മുഴം കയറിന്റെ വിലയെ ഞാൻ എൻ്റെ ജീവന് നൽകുന്നുള്ളൂ. ഞാൻ സ്നേഹിച്ചവൾ എന്നെ വിട്ടുപോയ്യി. എൻ്റെ കുടുംബത്തിന് ഞാനൊരു അപമാനമാണ്. എന്റെ സുഹൃത്തുക്കൾക്ക് എന്നെ കൊണ്ടൊരു ഉപകാരവുമില്ല."
"എന്നിട്ടും അവരെന്തേ നിന്നെ മകനെന്നും സുഹൃത്തെന്നും സഹോദരന്നെന്നും വിളിക്കുന്നു?"
"ഞാൻ ജീവനോടെയിരിക്കുന്നതിനാൽ."
"അതു മാത്രമോ? നീ ജനിച്ചിട്ടും നിന്നെയവർ കൊന്നില്ല. നിന്നെ അറിഞ്ഞിട്ടും അവർ നിന്റെ സുഹൃത്തുക്കളായി. അവർ നിന്നെ സ്നേഹിക്കുന്നു. നീ എന്തേ അതു കാണുന്നില്ല?"
"അന്നങ്ങനെയായിരിക്കാം. പക്ഷെ ഇന്ന് ഞാൻ ഏകനാണ്."
"എല്ലാവരും ഏകരാണ്. ജനിക്കുന്നതും മരിക്കുന്നതും ഏകനായി. ജീവിക്കുമ്പോൾ ആരൊക്കെയോ വന്നുപോകുന്നു എന്ന മാത്രം."
"അപ്പോൾ ജീവിച്ചിരിക്കുന്നതിൽ എന്തു അർത്ഥം?"
"മരിക്കുന്നതിൽ നീ എന്തർത്ഥം കാണുന്നു? കണ്ണിലിട്ടാൽ കാഴ്ച്ച മങ്ങുന്ന മണൽത്തരികൾ തന്നെയാണ് നിന്നെ പ്രതിഫലിപ്പിക്കുന്ന കാണാടിയായി മാറുന്നത്. നീയെങ്ങനെ ഒന്നിന്നെ കാണാൻ ആഗ്രഹിക്കുന്നുവോ അതുപോലെയെ അതാകൂ."

ജോജിയൊന്നു ദീർഘമായി ശ്വസിച്ചു. "എൻ്റെ പ്രയത്നങ്ങളിൽ ഞാൻ പരാജിതനാണ്."
"പ്രയത്നിച്ചാൽ വിജയിക്കാം. പരാജയപ്പെടാം. നീ ചിലപ്പോൾ തോറ്റുകൊണ്ടു മരിക്കും. ഇല്ലെങ്കിൽ എപ്പോളെങ്കിലും ജയിക്കും. നീയിനി ജയിക്കില്ലെന്ന് എന്താണ് ഉറപ്പ്?"
"ഞാൻ തോൽക്കില്ലെന്ന് നിനക്ക് ഉറപ്പ് തരാൻ കഴിയുമോ?"
"എനിക്കറിയില്ല. എനിക്കറിയാവുന്നത് സത്യം മാത്രം, ഭാവിയല്ല."
"അപ്പോൾ ഞാൻ അനുഭവിക്കുന്ന ഏകാന്തത? ശൂന്യമായ ജീവിതം?"
"എല്ലാം തീർക്കാം. ഇല്ലെങ്കിൽ അതിജീവിക്കാം."
"ഏകനായും ജീവിക്കാം, അല്ലേ? പരസഹായമില്ലാതെ, സ്നേഹമില്ലാതെ?"
"സ്നേഹവും വേണം. പരസഹായവും വേണം. ഇല്ലാതെയും ജീവിക്കാം.  ഓരോരുത്തർക്കും ഓരോ രീതിയുണ്ട്. ചിലർക്ക് സ്നേഹമുണ്ടായാൽ ജീവിക്കാം. ചിലർക്ക് ഇല്ലെങ്കിലും ജീവിക്കാം. മത്സ്യത്തിന് വെള്ളം വേണമെന്ന് കരുതി പക്ഷിക്കും വെള്ളത്തിൽ കഴിയാം എന്ന് കരുതുന്നതിൽ അർത്ഥമില്ല."
"അപ്പോൾ ഞാൻ ആഗ്രഹിക്കുന്ന സാമീപ്യം?"
"ജീവനുണ്ടെങ്കിൽ നേടാം,നേടാതിരിക്കാം. ജീവനുള്ളതിനേ സ്നേഹിക്കാനാകൂ."
"അപ്പോ ജീവിച്ചാൽ സന്തോഷിക്കാം. ദുഖിക്കാം."
"സ്വന്തം പാത തീരുമാനിക്കാൻ ജീവനുള്ളതിനേ സാധിക്കൂ."
"മാനവജന്മമായി ജനിച്ചതിനാൽ, ശ്രേഷ്ഠമായ ജീവിയായതിനാൽ, ജീവന്റെ സപന്ദനം എനിക്ക് തീരുമാനിക്കാം, അല്ലേ?"

മൃത്യു ഒന്നും പറഞ്ഞില്ല. ജോജിക്കൊന്നും പറയാനും ഉണ്ടായില്ല. അവൻ ഫാനിന്റെ സ്പീഡ് കൂട്ടി. മരണത്തിന്റെ കുരുക്ക് വേഗത്തിൽ കറങ്ങി.

"മരിക്കുന്നില്ലേ?"
"ഇല്ല."
"ഞാൻ ഇവിടെ ഉള്ളതുകൊണ്ടാണോ?"
"അല്ല."
"പിന്നെ?"
"നീയിവിടെ വന്നു. നാളെ എല്ലാവരും വരും. ചിലർ എന്നെ കുറ്റപ്പെടുത്തും. ചിലർ ദുഖിക്കും. ചിലർ സന്തോഷിക്കും. അവരിൽ എന്നെ  സ്നേഹിക്കുന്നവരും വെറുക്കുന്നവരും ഉണ്ടാകും. എങ്കിലും എല്ലാവരും വരും. മനുഷ്യജീവിതത്തിന്റെ വില. അവൻ ചിലവഴിച്ച നിമിഷങ്ങളുടെ വില. അത് വെറുതെ കളയാൻ ഞാൻ വെറും ക്ഷുദ്രജീവിയല്ല."
"ആരാണ് ക്ഷുദ്രൻ? ആരാണ് ജീവി?"
"വിലയില്ലാത്തവൻ ക്ഷുദ്രൻ. സ്വബോധമില്ലാത്തവൻ ജീവി. കാഷ്ടം തിന്നുന്ന എലിയും പുഴുക്കളും ക്ഷുദ്രജീവികളാണ്. ഞാൻ വിലയുള്ളവനാണ്. മനസ്സുമുള്ളവൻ."

ജോജി കട്ടിലിൽ കിടന്നു. മൃത്യു അവൻ്റെ അടുത്തു നിന്നു. ജോജി അയാളെ നോക്കി. "നന്ദി."
"എന്തിന്?"
"എന്നെ പിന്തിരിപ്പിച്ചതിന്."
"ഞാൻ നിന്നോട് സംസാരിച്ചു. നാം രണ്ടും എന്തൊക്കെയോ പുലമ്പി. നീ സ്വയം എന്തോ തീരുമാനിച്ചു. "
"ഞാൻ നാളെ വീണ്ടും മരിക്കാൻ തീരുമാനിച്ചാൽ?"
"കൊണ്ടുപോകാൻ ഞാൻ വരും."
"വേണ്ട. ഞാൻ മരിക്കുന്നില്ല. ആർക്കും എന്നെ വേണ്ടെന്നു കരുതി. പക്ഷെ എന്നെ കൊണ്ടുപോകാൻ മരണം വേഗം ഓടിയെത്തി. മരണത്തിന് എന്നെ വേണം. അപ്പോൾ എനിക്കും എന്നെതന്നെ വേണ്ടിയിരിക്കുന്നു."

ജോജിയുടെ കണ്ണുകൾ മേലെയടഞ്ഞു. മൃത്യു അവനെ നോക്കി, പിന്നീട് പുറത്തേക്കും. അയാളുടെ മനസ്സിൽ ആവശ്യമില്ലാത്ത ഒരു വെറുപ്പ്. പെട്ടെന്നു ദൂരെ അയാൾ ഒരു എലിയുടെ ശബ്ദം കേട്ടു. ഏതോ ഒരു പൂച്ചയുടെ വായിൽ അകപ്പെട്ടു അവൻ പിടയുകയായിരുന്നു. ഉടനടി ഒരു നായ വന്നു പൂച്ചയെ കടിച്ചെടുത്തു. മരണാസന്നനായ ഏലി താഴെ വീണു. നായയും പൂച്ചയും രാത്രിയിൽ മറഞ്ഞു.

മൃത്യു ആ എലിയുടെ അടുത്തേക്ക് പോയ്യി. അതിനെ മേലെയെടുത്തു. അതപ്പോളും അവസാനശ്വാസം വലിക്കാൻ ശ്രമിക്കുകയായിരുന്നു. എവിടെയെങ്കിലും അതിനുമുണ്ടാകും സ്നേഹിക്കുന്ന, കാത്തിരിക്കുന്ന ആരോ.

"എന്തൊരു മനുഷ്യൻ!" മൃത്യു നെടുവീർപ്പിട്ടു, "മാനവ ജീവിതം ശ്രേഷ്ടം എന്ന്  കരുതുന്നവൻ. ഏകനെന്ന് വിശ്വസിക്കുന്നവൻ. സൗഭാഗ്യങ്ങളെ തട്ടിത്തെറിപ്പിച്ചു അതിനെ ന്യായികരിക്കാൻ ശ്രമിക്കുന്നവൻ. ഞാനറിയുന്ന സത്യം ഒന്ന് മാത്രം. ക്ഷുദ്രജീവിയെന്ന് നീ വിളിച്ച ഇവനും നീയും എനിക്ക് ഒന്ന് തന്നെ. സമയത്തിനോടും പിന്നീട് മണ്ണിനോടും അഴുകിച്ചേരാൻ വിധിക്കപെട്ട ജഡങ്ങൾ. ജീവിക്കാനും മരിക്കാനും, കൊല്ലാനും സ്നേഹിക്കാനും കാരണങ്ങൾ കണ്ടെത്തുന്നത് പക്ഷെ നീ മാത്രമാണ്."

മൃത്യു എലിയെയും കൊണ്ടു മേലെ നടന്നുനീങ്ങി. കാറ്റിനു പതിയെ തണുപ്പേറി. രാത്രി മരിക്കാൻ പോകുന്നു, പുതിയ പകലിന് ജന്മം നൽകാൻ.

ശുഭം 

2 comments: