04 October 2017

എൻ്റെ മഹാപാതകം

ഭൂതകാലത്തിലേക്ക് എത്തിനോക്കിയപ്പോൾ അറിയാതെ മനസ്സിൽ ഒരു വേദനയുണ്ടായി. ഞാനായി ഉണ്ടാക്കിയ മുറിവുകൾ വീണ്ടും കുത്തിനോവിക്കുന്നു. നഷ്ട്ടപെട്ടതെല്ലാം, നഷ്ട്ടപെട്ടവരെല്ലാം എന്നെ നോക്കി ചിരിക്കുന്നു. എൻ്റെ തെറ്റ് തന്നെ. ഞാൻ ചെയ്‌ത മഹാപാതകത്തിന്റെ ശിക്ഷ.

മാതാപിതാക്കളെ അനുസരിച്ച് ബഹുമാനിച്ച് ജീവിച്ചു. അനിയത്തിയെ പൊന്നുപോലെ സ്നേഹിച്ചു. സുഹൃത്തുക്കളെയും കുടുംബക്കാരെയും സ്നേഹിച്ചു. എല്ലാവർക്കും വേണ്ടത് കൊടുത്തു. എല്ലാവര്ക്കും വേണ്ടിയത് ചെയ്‌തു. എല്ലാവരുടെയും നല്ലപട്ടികയിൽ പങ്കാളിയായി. 

ഒടുവിൽ പരാജയങ്ങളുടെ ഊഴമായി. പരാജയങ്ങൾ കണ്ണിന് മൂടൽ നൽകി. ചുറ്റും വെളിച്ചം വിതറിനിന്നവർ പെട്ടെന്ന് അകന്ന് പോയി. ചിലരെ കരഞ്ഞുവിളിച്ചു. അവരുടെ കാതുകളിൽ മറ്റ് ധ്വനികൾ വന്നിടിഞ്ഞു. എൻ്റെ തെറ്റിന്റെ ഫലം ഞാൻ തിരിച്ചറിയുകയായിരുന്നു.

വിജയങ്ങൾക്ക് ക്രെഡിറ്റ് എടുക്കാൻ ആളുകൾ കൂട്ടംകൂട്ടമായി വന്നത് ഓർമ്മയുണ്ടെനിക്ക്. എന്നാൽ തളർന്നപ്പോൾ, വീണപ്പോൾ, പരാജയപ്പെട്ടപ്പോൾ, "എല്ലാം നീ മൂലം മാത്രം" എന്നവർ പറഞ്ഞ് കൈയൊഴിഞ്ഞു. വിജയങ്ങൾ എനിക്ക് മാത്രമായി ഇല്ലായിരുന്നു. അതിനാൽ തോൽവികൾ ഞാൻ ഏറ്റുവാങ്ങി. അത് ഞാൻ തന്നെ നേടിയെടുത്തതല്ലേ! അപ്പോൾ അതിന്റെ ക്രെഡിറ്റ് എനിക്ക്!

മനസ്സിൽ വീണ്ടും വിഷമങ്ങൾ കുന്ന് കൂടി വരുന്നു. ആരും വായിക്കാത്ത ഈ ബ്ലോഗിൽ ഞാൻ എന്നത്തേയും പോലെ അതെഴുതിച്ചേർക്കുന്നു. ഒറ്റക്കായിരുന്നു. പക്ഷെ ഇന്ന് ഞാൻ എന്നെത്തന്നെ ഒറ്റപെടുത്തുകയാണ്. ബന്ധങ്ങളെന്ന ബന്ധനങ്ങളെ ഭയക്കുന്നതിനാലാകാം. അല്ലെങ്കിൽ ഇനിയും തോൽക്കാൻ കെൽപ്പില്ലാത്തതാകാം. എന്തെന്നാലും ഇതും എൻ്റെ തീരുമാനം തന്നെ.

മഹാപാതകം എന്റെ തന്നെ. എല്ലാവരെയും സ്നേഹിച്ച വേളയിൽ ഞാൻ എന്നെത്തന്നെ സ്നേഹിച്ചിരുന്നെങ്കിൽ... എനിക്കായി ജീവിച്ചിരുന്നെങ്കിൽ...എനിക്കായി വാദിച്ചിരുന്നെങ്കിൽ, പോരാടിയിരുന്നെങ്കിൽ... ഇന്ന് ഒരു ചുട്ടുകറ്റയെങ്കിലും എനിക്കായി വെളിച്ചം വിതറിയേനേ...

സമയം കടന്നുപോയ്യി. ഉപയോഗിക്കേണ്ടവർ ഉപയോഗിച്ച്, ചവച്ചു തുപ്പിക്കളഞ്ഞു. ചണ്ടി മാത്രമായി. ഇനി ദ്രവിച്ച് തീരുന്നത് വരെ കാത്തിരിക്കാം. ഇല്ലെങ്കിൽ സ്വയം ദ്രവിക്കാൻ ശ്രമിക്കാം. ഇനിയും ബന്ധങ്ങളെ ആശ്രയിക്കാൻ വയ്യ, കഴിയില്ല....ഭയം കാർന്ന് തിന്നുകയാണ് എന്നെ. പോയാൽ മതിയെനിക്ക്...എല്ലാം വിട്ട്, എന്നെന്നേക്കുമായി...

എങ്കിലും ആഗ്രഹിക്കുന്നു....വാക്കുകളാൽ പറയാൻ കഴിയാത്തതിനാൽ....

എനിക്കൊന്ന് കരയാൻ ഒരു തോളെങ്കിലും ഉണ്ടായിരുന്നെങ്കിൽ....

ഇല്ലേ?

സാരമില്ല 

വായിക്കാത്ത അനേകം വാക്കുകളിൽ ഒന്നായി ഇതും അലിഞ്ഞുതീരട്ടെ...